തീ പിടിപ്പിക്കുന്ന പ്രസംഗങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലങ്കിലും നിങ്ങൾക്ക് വായിക്കണം. അപ്പോൾ കേൾക്കാം.....

തീ പിടിപ്പിക്കുന്ന പ്രസംഗങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലങ്കിലും നിങ്ങൾക്ക് വായിക്കണം. അപ്പോൾ കേൾക്കാം.....
Dec 31, 2025 12:30 PM | By PointViews Editor

കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രീ, താങ്കളും താങ്കൾ വാഴിച്ചിരുത്തിയ മന്ത്രി കൃഷ്ണയ്യരും മലബാറിലെ ഒരു മഹാധനാഢ്യന്റെ പൂമെത്തവിരിച്ച പൂമുഖത്തു കൂടി മണിയറയിൽ കടന്നു പോയതു കേരളം കണ്ടു, കണ്ണൂരിലെ ആ ധനാഢ്യൻ ഒരു സൽക്കാരം നടത്തി, തൊഴിലാളി ആഫീസിൽ കണ്ണൂരിൽ നിന്നൊരു ഫോട്ടോ വന്നു. ഞാൻ ഫോട്ടോ കവറുപൊളിച്ചുനോക്കി. മുഖ്യമന്ത്രിയുണ്ട്, നിയമ മന്ത്രി കൃഷ്ണയ്യരുണ്ട്, കുപ്രസിദ്ധനായ ആ ധനാഢ്യനുമുണ്ട്, മലബാറിലെ മലയോരം പല പല നയവിശേഷങ്ങളാലും പിടിച്ചടക്കിയ ഒരു ധനാഢ്യൻ! മൂന്നു പേരും കൂടിയിരുന്നു ബിരിയാണി തിന്നുന്നു. ഉപചാരമര്യാദയുടെ പേരിൽ ഏത് ആതിഥേയൻ ക്ഷണിച്ചാലും പോകണമല്ലോ. അതോ ആ മന്ത്രിമാർ ഒരു ഹോട്ടലിലോ അളകാപുരിയിലോ ഇരുന്നു ബിരിയാണി തിന്നു ന്നത് ഫോട്ടോയെടുത്തു ആ ധനാഢ്യൻ്റെ ഫോട്ടോയോട് കൂട്ടി ച്ചേർത്ത് എന്നെ വഞ്ചിക്കാൻ ആരോ അയച്ചതാണോ? ഞാനാദ്യം സംശയിച്ചു. ഫോൺ ചെയ്‌ത്‌ ചോദിച്ചു, ഇത് ശരിയായ ഫോട്ടോ ആണോ? മുഖ്യമന്ത്രിയും നിയമമന്ത്രിയും ഒരുമിച്ചിരുന്ന് ആ ധനാഢ്യന്റെ ബിരിയാണി തിന്നത് ശരിയാണോ? മറുപടി കിട്ടി 'ശരിയാണ്. സുഖമായിട്ട് തിന്നു. വളരെ നേരം തിന്നു. വലിയ പല ആലോചനകളും അവിടെ നടന്നിട്ടുണ്ട്. അനന്തരഫലം നാളെ കാണാം. ഫോണിൽ എൻ്റെ ലേഖകൻ പറഞ്ഞു. ശോകാത്മകമായ ഒരു നാടകത്തിന്റെ അണിയറയായിരുന്നു ആ ധനാഢ്യ മന്ദിരം. ഒരു വലിയ ഭീകരനാടകത്തിന്റെ അണിയറ, ചോര ചാടിയും കർഷകരുടെ നെഞ്ചിലേക്ക് തോക്കുകൾ ചൂണ്ടിയും അനേകം കറുത്ത മനുഷ്യരെ, മണ്ണിൻ്റെ മക്കളെ പിടിച്ചിറക്കിയ, വാഴകൾ വെട്ടിയ, വീടുകൾ തകർത്ത,ദുരന്തനാടകത്തിൻ്റെ ആദ്യ രംഗം മുഖ്യമന്ത്രിയും നിയമമന്ത്രിയും കൂടി രചിക്കുകയായിരുന്നു ആ അണിയറയിൽ.

അവിടെ കോകിലങ്ങൾ പാട്ടുപാടി. കൊച്ചുകുട്ടികൾ പൊട്ടിച്ചിരിച്ചു. മഹിളാമണികളുടെ മധുരഗീതവും പശുക്കളെ കറക്കുന്ന സ്വരവും ഒന്നിച്ച് കേട്ടു. മനുഷ്യർ കയറിച്ചെല്ലാത്ത മഹാരണ്യ ത്തിൽ ധീരരായ മലയാളികളുടെ ഒരു പൂങ്കാവനമുണ്ടായി. അതാ അവിടെ നിലവിളി കേൾക്കുന്നു. ഇ.എം.എസ്സേ, എന്താണാ നിലവിളി? എന്താണാ നിലവിളി? നൂറു നൂറു സായുധ പോലീസ്, തോക്കും വടിയുമുള്ള റിസർവ്വ് പോലീസ് ആ മലയോരത്തിൽ നരവേട്ട നടത്തുകയാണ്. മുഖ്യമന്ത്രിയും നിയമമന്ത്രിയും തലേ ദിവസം ഒരു മുതലാളിയുടെ വീട്ടിലിരുന്ന് ബിരിയാണി തിന്നുക, അടുത്ത ദിവസം പോലീസ് ഉദ്യോഗസ്ഥന്മാരെ വിളിച്ച്, നൂറു നൂറു പോലീസിനെ വിട്ട്, 24 മണിക്കൂർപോലും നോട്ടീസ് കൊടുക്കാതെ കറുത്ത മനുഷ്യരെ, മണ്ണിൻ്റെ മക്കളെ, നിഷ്‌കളങ്ക ഹൃദയങ്ങളെ അടിച്ചു പായിക്കുക, പ്രസവിച്ചു കിടന്നിരുന്ന സ്ത്രീകൾ ചോരക്കുഞ്ഞുങ്ങളെ നെഞ്ചിനോടടുക്കി പിടിച്ചു കൊണ്ട് വീട് വിട്ടിറങ്ങേണ്ടിവന്നു. പോലീസ് പുരകൾക്ക് തീ കൊടുത്തു. ചട്ടിയും കലവും അവർ തകർത്തുവിട്ടു. വാഴകൾ അവർ വെട്ടി, സകലതും അവർ നശിപ്പിച്ചു. പുരുഷന്മാർ ഭയങ്കര മർദ്ദനത്തിനു വിധേയരായി. കീഴ്പ്‌പള്ളിയിൽ ചോരയും കണ്ണീരും ഒരുമിച്ചൊഴുകി. കമ്മ്യൂണിസ്റ്റു ഭരണമേ, ബിരിയാണിയുടെ മധുര പ്രഭാതമേ, തലേദിവസം കുടൽ നിറച്ചതിൻ്റെ ശീതളപ്രഖ്യാപനമേ, കണ്ണൂരിലെ മുതലാളി കൊടുത്ത മധുരത്തിന്റെ അനന്തരഫലമേ, ഇ.എം.എസിന്റെ സാധുസ്നേഹമേ, ആ മലമുകളിലേക്കൊന്ന് നോക്കൂ? കിരാതൻ ഇതു ചെയ്‌തിട്ടുണ്ടോ? നീറോ ഇതു ചെയ് തിട്ടുണ്ടോ? ജൂലിയൻ ഇതു ചെയ്‌തിട്ടുണ്ടോ? കോങ്കോ പുഴവക്കത്തെ കാപ്പിരികൾ ഇതു ചെയ്‌തിട്ടുണ്ടോ? ആമസോൺ നദി തീരത്തെ നീഗ്രോകൾ ഇതു ചെയ്‌തിട്ടുണ്ടോ? മുഖ്യമന്ത്രി തലേ ദിവസം ബിരിയാണി തിന്ന് പിറ്റന്നാൾ ഇങ്ങനെ പട്ടാളത്തെ വിട്ട ചരിത്രം ലോകത്തിൽ ഉണ്ടായിട്ടുണ്ടോ? മൂന്നാറിൽ വെടി വെച്ചു. ചന്ദനത്തോപ്പിൽ വെടിവെച്ചു. പലേടത്തും വെടിവെപ്പുണ്ടായി കണ്ണീർവാതകത്തിൻ്റെ കുറ്റി സമ്യദ്ധിയായിട്ടഴിക്കപ്പെട്ടു.

നല്ല നല്ല ചൂരൽ വടികൾ കൃഷ്‌ണയ്യർ ആയിരക്കണക്കിനു വരുത്തി വെച്ചു, പൂശിത്തണുപ്പിച്ചു കുട്ടികളുടെ ചന്തി മുഴങ്ങി. പിഞ്ചു പൈതങ്ങളുടെ കരളു കലങ്ങി. ആകെ വിലാപവും പ്രലാപവുമാ യിരുന്നു കേരളത്തിൽ. ഇത്ര ക്രൂരത കാണിച്ച ഒരു ഗവൺമെന്റ് ഇത്ര ധിക്കാരം കാണിച്ച ഒരു സർക്കാർ, ഇത്ര മർക്കടമുഷ്ടി പിടിച്ച ഒരു മന്ത്രിസഭ മലയാളക്കരയിലോ ഭാരതഭൂമിയുടെ ഇതര സംസ്ഥാനങ്ങളിലോ ആകാശത്തിന്റെ കീഴിലുള്ള ഏതെങ്കിലും രാഷ്ട്രത്തിലോ ഉണ്ടായിട്ടുണ്ടോ? ആളുകൾക്കൊരു ധാരണയുണ്ട്. ഈ വെടിയും കൊലയും ഈ ചോരയും തല്ലുമെല്ലാം അവസാനത്തേതാണെന്ന്. ഇനി കമ്മ്യൂണിസ്റ്റുകളെല്ലാം മര്യാദക്കാരാകും. അന്നൊരു വരന്തരപ്പിള്ളി സൃഷ്ടിച്ചു. ഇനി അതവർ ചെയ്യില്ല, അന്നൊരു പനമ്പള്ളിയെ വളഞ്ഞു  ഇനി അവർ വളയില്ല, അന്നൊരു കോൺഗ്രസ്സുകാരനെ കളക്ട്രേറ്റിന്റെ നെറുകയിലിട്ട് , മജിസ്ട്രേറ്റിൻ്റെ മൂക്കിൻ്റെ കിഴെയിട്ട്, ധാരാളം പോലീസ് ഉദ്യോഗ സ്ഥന്മാരുടെ മുന്നിലിട്ട്, നീതിപീഠത്തിന്റെ നാക്കിനു താഴെയിട്ട്, ഈ ഡിസ്ട്രിക്റ്റിൻ്റെ സിരാകേന്ദ്രത്തിന്റെ മദ്ധ്യത്തിലിട്ട് തല്ലിച്ചതച്ചു, ചിലർ കരുതുന്നു ഇനി അവർ തുടങ്ങില്ലെന്ന്.

അനേകം വീടുകൾ കയ്യേറി, ആളുകൾ രാത്രി നടക്കാൻ ഭയപ്പെടുന്നു. രാവിലെ പോകുന്ന മകൻ തിരിച്ചുവരുമോ എന്നു അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചിരുന്നു. ഒരു കോൺഗ്രസ് മീറ്റിംഗിൽ പങ്കുകൊള്ളാൻ പോയ ഭർത്താവ് വരാൻ വൈകുമ്പോഴേയ്ക്കും ഭാര്യ തലതല്ലി കരഞ്ഞിരുന്നു. ഇതായിരുന്നു കേരള ത്തിന്റെ ചിത്രം. ഇനി അതു തുടരുകയില്ല എന്നു ആളുകൾ വിചാ രിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നമുക്കു പറ്റുന്ന ഈ മൗഢ്യം തന്നെയാണ് മലങ്കോവിനു പറ്റിയത്. ഈ മൗഢ്യമാണ് ബറിയയ്ക്കും പറ്റിയത്. കമ്മ്യൂണിസ്റ്റ് സിരാചക്രത്തിന്റെ ശിരസ്സായ ലൗറിന്തി കരുതി കമ്മ്യൂണിസം നല്ലതാണ്. ഒറ്റപ്പാർട്ടി ഭരണം നല്ലതാണ്. പ്രതിപക്ഷ തേജോവധം നല്ലതാണ്; ചോരക്കൊടി, ഒറ്റക്കൊടി നല്ലതാണ് എന്ന്, തെറ്റിദ്ധരിച്ച അവർ. സ്റ്റാലിൻ മരിക്കുകയും ഉടനെ സക്കോവിൻ്റെ പട്ടാള പിന്താങ്ങോടെ പ്രധാനമന്ത്രി സ്ഥാനത്തു വരുകയും ചെയ്‌ത മലങ്കോവ് കരുതി ലൗറിന്തി ബറിയയെ കൊന്നാൽ അനർത്ഥം തീർന്നു എന്ന്. ഒരു ദിവസം പ്രഭാതപത്രത്തിൽ ഇ.എം.എസേ, താങ്കളും ഞാനും വായിച്ചു കമ്യൂണിസ്റ്റ് റഷ്യയിലെ പ്രഗത്ഭനായ ബറിയ വധിക്കപ്പെട്ടുവെന്ന്. എന്തിനാണ് ബറിയയെ വധിച്ചത്. റഷ്യയ്ക്കും ലോകത്തിനും അറിഞ്ഞുകൂടാ. ഏതു കോടതിയാണ് ബറിയായെ വധിച്ചത്? ഒരൊറ്റ മനുഷ്യർക്കറിഞ്ഞുകൂടാ. ശങ്കരയ്യർ റോഡിലോ, പടിഞ്ഞാറെക്കോട്ടയിലോ, നെല്ലിക്കുന്നത്തോ, പറവട്ടാനിയിലോ, ചെമ്പേരിക്കുന്നിന്റെ ചിന്നിലോ പുന്നപ്രപ്പുഴയുടെ കീഴിലോ എവിടെയെങ്കിലും ഒരു തൊഴിലാളിയെ അല്ലെങ്കിൽ പാവപ്പെട്ട ഒരു ഭിക്ഷുവിനെ അഥവാ ഒരു സാധാരണ ദരിദ്രനെ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു വെടിവെപ്പിക്കട്ടെ, അതിനെപ്പറ്റി കേരളം, ആ സംഭവത്തെപ്പറ്റി ഭാരതം ഗർജ്ജിക്കും. ഇന്ത്യ തലപൊക്കും. പക്ഷേ, പണ്ഡിറ്റ് നെഹ്റു അതു ചെയ്യുകില്ലെന്നു നമുക്കറിയാം.

ഇന്ത്യയിൽ ഒരു പാവം ദരിദ്രനെ പിടിക്കണമെങ്കിൽ കാരണം വേണം. അവനെ വെടിവെക്കണമെങ്കിൽ ഒരുപാട് നീതിന്യായ സിംഹാസനങ്ങളുടെ പിന്താങ്ങുവേണം. നറും നിർമ്മലമായ നിഷ്പക്ഷ ന്യായമണ്ഡലത്തിൻ്റെ അനുമതി വേണം. അവന് കീഴ്കോടതിയിൽ നിന്ന് മേൽക്കോടതിയിലേക്കും പോകാം. അവന് ഹൈക്കോർട്ടിൽ നിന്നു സുപ്രീംകോർട്ടിലേക്കു പോകാം. അവനു ജീവരക്ഷയ്ക്കായി പ്രസിഡണ്ടിന്റെ ദയാദാക്ഷിണ്യം അപേക്ഷിക്കാം. ഒരു പാവം കർഷകനും ഒരു പാവം ഭിക്ഷുവിനും ഭാരതഭൂമിയിൽ ഈ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സോവിയറ്റു റഷ്യ യിലെ കേമനായിരുന്ന ബറിയക്ക്, കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ശിരസായ ലൗറന്തി ബറിയയ്ക്കു വെടിയേൽക്കും മുമ്പ്, മരിക്കും മുമ്പ്, മലങ്കോവിന്റെ പീരങ്കിയാൽ ശവമാകും മുമ്പ് എന്ത് മനുഷ്യ സ്വാതന്ത്ര്യം കൊടുത്തുവെന്നു താങ്കൾ മോസ്കോവിൽ പോകു മ്പോൾ ഒന്നന്വേഷിക്കണം. മലങ്കോവു കരുതി അതു നല്ല ക്രിയാ വിലാസമാണെന്ന്. കുറച്ച് ആഴ്ച‌കൾക്കുമുമ്പു നാം വീണ്ടും കേട്ടു മലങ്കോവിനെ കൊന്നുവെന്ന്. ലോകത്തിലെ സകല മനുഷ്യരേയും രക്ഷിക്കാൻ പുറപ്പെട്ട കമ്മ്യൂണിസമേ! അമേരിക്കയിലെ റോസൻബർഗ് ദമ്പതികളെ കൊല്ലാൻ പോകുന്നുണ്ടെന്നു കേട്ട പ്പോൾ നാടെങ്ങും നടന്നു, 'കൊല്ലരുതേ' എന്നു പറഞ്ഞ് ഒപ്പു ശേഖരിച്ച ഇ.എം.എസ്സേ, കൂട്ടുകാരേ, വലിയ സഖാക്കളെ, ഇട സഖാക്കളേ, ബറിയയെ വധിച്ചതിനെപ്പറ്റി ഒന്നു പ്രതിഷേധം കുറിക്കാൻ, നിങ്ങളുടെ മലങ്കോവിനെ കൊന്നുവെന്നു പത്രത്തിൽ

കണ്ടപ്പോൾ അതു ശരിയായില്ലാ എന്നൊന്നു പ്രസ്‌താവിക്കാൻ ഒരു കൊച്ചു പ്രതിഷേധത്തിന്റെ കൊച്ചല പുറപ്പെടുവിക്കാൻ നിങ്ങളുടെ ആ 'സരള' ഹൃദയത്തിന് സാധിച്ചോ? നിങ്ങൾക്ക് മനസ്സാക്ഷിയുണ്ടോ? നിങ്ങൾക്ക് മനുഷ്യത്വമുണ്ടോ?നിങ്ങൾക്ക് നീതിനിഷ്ഠയുണ്ടോ? നിങ്ങൾക്ക് നിഷ്പക്ഷ വീക്ഷണമുണ്ടോ? ഞാൻ ചോദിക്കുകയാണ്.....


ഇനി വിഷയത്തിലേക്ക് വരാം.

നിങ്ങൾക്ക് മനസാക്ഷിയുണ്ടോ? നിങ്ങൾക്ക് മനുഷ്യത്വമുണ്ടോ? നിങ്ങൾക്ക് നീതിനിഷ്ഠയുണ്ടോ? നിങ്ങൾക്ക് നിഷ്പക്ഷ വീക്ഷണമുണ്ടോ? ഈ ചോദ്യങ്ങൾ എല്ലാ കാലത്തേയും സമൂഹത്തിൽ ഉയരുന്ന ചോദ്യമാണ്. ഈ ചോദ്യം പക്ഷെ 20-ാം നൂറ്റാണ്ടിൻ്റെ ബഹു ഭൂരിഭാഗത്തും ഒരു ഗർജ്ജനമായി വ്യാപിച്ചിരുന്നു. ഇതൊരു ഗർജനമായിരുന്നു. കേരളത്തിലെ വിപ്ലവ സിരകളെ പൊട്ടിത്തെറിപ്പിച്ച, ഭരണകൂടത്തെ തൂത്തെറിഞ്ഞ ഗർജ്ജനങ്ങളിൽ ഒന്ന്. ഒരു വടക്കൻ ഗർജ്ജനം.

തീ തുപ്പുന്ന പ്രസംഗങ്ങൾ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ കേട്ടതൊന്നും അത്തരം പ്രസംഗങ്ങളൊന്നുമല്ല. കേട്ടിട്ടുള്ള പ്രസംഗങ്ങൾ തീ തുപ്പുന്നതാണെന്ന് നിങ്ങൾക്ക് തോന്നുന്നതാണ്. എന്നാൽ തോക്കുകളേക്കാളും പീരങ്കികളേക്കാളും എന്തിനേറെ ഹൈഡ്രജൻ ബോംബുകളെക്കാളും പ്രഹര ശേഷി ഉള്ളതും സൗരയൂഥങ്ങൾ പൊട്ടിത്തെറിക്കുന്നത് പോലുള്ള സ്ഫോടനങ്ങളെക്കാളും കരുത്തേറിയതുമായ പ്രസംഗങ്ങൾ ഇപ്പോൾ കേൾക്കുന്നതൊന്നുമല്ല എന്ന് മുകളിൽ നിങ്ങൾ മുൻപ് വായിച്ച  പ്രസംഗ ഭാഗത്തെക്കുറിച്ച് ചിന്തിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ വരെ കേരളത്തിൽ അത്തരം ചില മേഘവിസ്ഫോടന സമാനമായ പ്രസംഗങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. അതിൽ ഒന്നാമനായ ഒരാൾ ഒരു കത്തനാരായിരുന്നു. നല്ല തൂവെള്ള ളോഹ ധരിച്ച ഒരു കത്തനാർ. പേര് ജോസഫ്. മുഴുവൻ പേര് പറഞ്ഞാലേ കുറേ പേർ അറിയൂ - ഫാദർ ജോസഫ് വടക്കൻ. എന്നാൽ അതിനേക്കാൾ ഫെമിലിയറാണ് വടക്കനച്ചൻ എന്ന സ്നേഹാർദ്രമായ വിളിപ്പേര്. അതു കേട്ടാൽ ഒത്തിരി പേർ അറിയും. കമ്മ്യൂണിസ്റ്റ് വിരുദ്ധനായി വന്ന് കമ്മ്യൂണിസ്റ്റ് സഖാവായി മാറി വീണ്ടും കമ്മ്യൂണിസത്തിന്റെ ചിതലരിച്ച വിഡ്ഢിത്തങ്ങൾ തുറന്നു കാണിച്ച് ആത്മീയതയുടെ തൃപ്പടികൾ കയറിയ ഒരു മഹാ പുരോഹിതൻ. ഏകദേശം അര ലക്ഷത്തിലധികം ഉജ്ജ്വല പ്രഭാഷണങ്ങൾ അദ്ദേഹം കേരള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിലായി നടത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങൾ നടത്തി. കേരളത്തിലെ ജന്മിത്തവും കുടിയായ്മയും അവസാനിപ്പിച്ച, കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ശില്പികളിൽ ഒന്നാമൻ. കേരളത്തിലെ പതിതരും പാവപ്പെട്ടവരുമായ ലക്ഷോപലക്ഷം കുടുംബങ്ങൾക്ക് കുടിയായ്മയുടെ അടിമത്തതിൽ നിന്ന് മോചനം നൽകിയ ഭൂപരിഷ്കരണം നിരവധിയായ സമര പോരാട്ടങ്ങളുടെ ഫലമാണ്. ആ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തി കൂടിയാണ് ഫാദർ ജോസഫ് വടക്കൻ. വടക്കനച്ചൻ്റെ ഈ തീ പാറും പ്രസംഗങ്ങൾ പുതിയ തലമുറ കേട്ടിട്ടേയില്ല. കേൾക്കാൻ ഇന്ന് സംവിധാനങ്ങളും ഇല്ല. എന്നാൽ ലഭിച്ച സംവിധാനങ്ങൾ ഉപയോഗിച്ച് ലഭ്യമായ പ്രസംഗങ്ങൾ വായനക്കായി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അത്തരമൊരു വായന കൗതുകത്തിന് കാരണമാവുകയാണ് കപ്പുച്ചിൻ പുരോഹിതനായ ഫാദർ ഡിറ്റോ സെബാസ്റ്റ്യൻ. കഴിഞ്ഞ 10 വർഷമായി ഫാദർ വടക്കന്റെ പ്രഭാഷണങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും തിരച്ചിലുകളുമായി കഴിയുകയായിരുന്നു ഫാദർ ഡിറ്റോ സെബാസ്റ്റ്യൻ. കുറെ പ്രസംഗങ്ങൾ അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞു അവയെ ക്രോഡീകരിച്ച് പുസ്തക രൂപത്തിൽ ആക്കുന്ന കർത്തവ്യമാണ് അദ്ദേഹം നടത്തിവരുന്നത്. അതിൽ ആദ്യത്തെ പുസ്തകം അഗ്നിസമാനമായ പ്രഭാഷണങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വടക്കനച്ചന്റെ ചരമവാർഷിക ദിനമായ ഡിസംബർ 29ന് തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പള്ളി ഹാളിൽ വച്ച് പുസ്തകത്തിൻറെ പ്രകാശനം നടത്തി.

ഡോ.പി.വി കൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമ്മേളനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഉത്ഘാടനം ചെയ്ത് പുസ്തക പ്രകാശനവും പ്രഭാഷണവും നടത്തി.

ഡോ.റോസി തമ്പി പുസ്തക പരിചയം നടത്തി. എം.പി സുരേന്ദ്രൻ ഫാ. വടക്കൻ അനുസ്മരണം നടത്തി. ഫാ.റോയ് ജോസഫ് വടക്കൻ ,ഫാ. ഡിറ്റോ സെബാസ്റ്റ്യൻ കപ്പുച്ചിൻ അഡ്വ. ലിറ്റോ പാലത്തിങ്കൽ പ്രസംഗിച്ചു.

മലയോര കർഷകർക്കും ജനതക്കും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ് ഫാ. വടക്കൻ. കേരള രാഷ്ട്രീയ ചരിത്രത്തിൽ രചനാത്മകമായ പങ്കു വഹിച്ച വ്യക്തി കൂടിയാണ് ഫാ വടക്കൻ . കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി കാലംമുതൽ വിമോചന ദൈവശാസ്ത്രവക്താവെന്ന നിലകളിൽ പല കാലങ്ങളിലായി നടത്തിയ പന്ത്രണ്ട് പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രഭാഷണ കലയിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്ന കുട്ടികൾ മുൻ നേതാക്കൾ വരെ വായിച്ചിരിക്കേണ്ട പുസ്തകം. അതിലെ പദവിന്യാസവും പ്രയോഗ ശൈലിയും മനസ്സിലാക്കിയാൽ ആരും വീണ്ടും വീണ്ടും വായിക്കാൻ ആഗ്രഹിക്കും എന്നുറപ്പാണ്. കോഴിക്കോട് ആത്മ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 210 രൂപയാണ് വില. ഫോൺ 9746077500, 9746440800.

Have you heard any fiery speeches? Whether you have or not, you should read them. Then you can listen.....

Related Stories
ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു ശാസ്ത്രജ്ഞൻ്റേയും...

Nov 4, 2025 11:12 AM

ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു ശാസ്ത്രജ്ഞൻ്റേയും...

ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു...

Read More >>
ദൈവം അശ്രദ്ധനായ നാളുകളിൽ.....

Sep 21, 2025 08:33 PM

ദൈവം അശ്രദ്ധനായ നാളുകളിൽ.....

ദൈവം അശ്രദ്ധനായ...

Read More >>
അവളുടെ ദൈവമറിയാത്ത കാലം...  നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5

May 15, 2025 10:28 AM

അവളുടെ ദൈവമറിയാത്ത കാലം... നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5

അവളുടെ ദൈവമറിയാത്ത കാലം... നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

Apr 25, 2025 10:29 AM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

Apr 20, 2025 05:46 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3....

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2  തുടരുന്നു

Apr 9, 2025 01:21 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2 തുടരുന്നു

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
Top Stories